കോവിഡ് ഭീതിയിലും ബീഹാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

കോവിഡ് ഭീഷണിയായി നിലനില്‍ക്കെ തന്നെ ബീഹാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 243 അംഗ ബീഹാര്‍ നിയമ സഭയിലെ 71 സീറ്റിലേക്കാണ് ഇന്ന് ജനവിധി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ലോകത്ത് തന്നെ നടക്കുന്ന ആദ്യ വോട്ടെടുപ്പിനായിരിക്കും ബീഹാറില്‍ ഇന്ന് തുടക്കമാവുന്നത്.

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. 2.14 കോടി പേരാണ് ഒന്നാം ഘട്ടത്തില്‍ മാത്രം പോളിങ്ങ് ബുത്തിലെത്തുക. 1066 സ്ഥാനാര്‍ത്ഥികളാണ് ജന വിധി തേടുന്നത്. 71 നിയമസഭാ മണ്ഡലങ്ങളിലായി നടക്കുന്ന 31,371 പോളിങ് സ്റ്റേഷനുകളും സജ്ജമാക്കിയിരിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധത്തില്‍ ഊന്നിക്കൊണ്ട് സുഗമമായ വോട്ടെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

വോട്ടിങ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുന്‍പും ശേഷവും സാനിട്ടൈസ് ചെയ്യും. പോളിങ് ബൂത്തുകളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധനയുണ്ടാകും. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും മറ്റ് കോവിഡ് പ്രതിരോധ വസ്തുക്കളും ഉറപ്പാക്കും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന കയ്യുറ നല്‍കുന്നതിനൊപ്പം ബൂത്തിനു പുറത്ത് കൈ കഴുകാന്‍ സോപ്പും വെള്ളവും സാനിട്ടൈസറും ലഭ്യമാക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പോളിങ് സമയത്തിലും മാറ്റമുണ്ട്. ഒരു മണിക്കൂറാണ് അധികം അനുവദിച്ചിട്ടുള്ളത്.

രാവിലെ 7 മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും പോളിങ്. വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളില്‍ ജെ.ഡി.യു 35 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷിയായ ബി.ജെ.പി 29 സീറ്റുകളിലും ജനവിധി തേടുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍.ജെ.ഡി 42 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. എന്‍.ഡി.എ വിട്ട എല്‍.ജെ.പിയുടെ 41 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്.മുന്നണി വിട്ടെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കില്ലെന്ന് എല്‍.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.

28-Oct-2020