ധനകാര്യ സ്ഥാപനങ്ങള്‍ പട്ടിക തയാറാക്കി ആനുകൂല്യം വിതരണം ചെയ്യും

പ്രചരിച്ചതില്‍ നിന്നും വിത്യസ്തമായി മൊറ​ട്ടോറിയം കാലയളവിലെ പിഴപ്പലിശയിളവിന്​ അപേക്ഷിക്കേണ്ടതില്ലെന്ന്​ കേ​ന്ദ്രധനകാര്യമന്ത്രാലയം അറിയിക്കുന്നു. നേരത്തേ ആറ്​ മാസത്തെ മൊറ​ട്ടോറിയം കാലയളവിലെ​ പിഴപ്പലിശയാണ്​ കേന്ദ്രസര്‍ക്കാര്‍ ഇളവ്​ ചെയ്​ത്​ നല്‍കിയത്​.

അപേക്ഷയ്ക്ക് പകരം ധനകാര്യ സ്ഥാപനങ്ങള്‍ അര്‍ഹരായ അക്കൗണ്ട്​ ഉടമകളുടെ പട്ടിക തയാറാക്കി ആനുകൂല്യം വിതരണം ചെയ്യുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്​തത വരുത്തി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പിഴപ്പലിശ ഇളവുമായി ബന്ധപ്പെട്ടുള്ള 20 ചോദ്യങ്ങള്‍ക്ക്​ ഉത്തരമെന്ന രീതിയിലാണ്​ സര്‍ക്കുലര്‍ പുറത്തിറക്കിയത്​.

മൊറ​ട്ടോറിയത്തിന്​ അപേക്ഷിക്കാത്തവര്‍ക്കും ആനുകൂല്യത്തിന്​ അര്‍ഹതയുണ്ടാവുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിരുന്നു. ക്രെഡിറ്റ്​ ഏജന്‍സിയായ ക്രിസിലിന്‍റെ കണക്കനുസരിച്ച്‌​ വായ്​പ എടുത്ത 75 ശതമാനം പേര്‍ക്കും പിഴപലിശയുടെ ആനുകൂല്യം ലഭിക്കും. 7500 കോടി രൂപയാണ്​ സര്‍ക്കാറിന്​ ഇതിനായി ചെലവ്​ വരിക. അതേസമയം, സ്ഥിരനിക്ഷേപം, ബോണ്ട്​, ഓഹരി തുടങ്ങിയവയില്‍ നിന്നുള്ള വായ്​പകള്‍ക്ക്​ ഇളവ്​ ബാധകമാവില്ല.

29-Oct-2020