ഫ്‌ലോറിംഗില്‍ പുതിയ വിസ്മയവുമായി ബാംബൂ നീം ടൈൽ എത്തുന്നു
അഡ്മിൻ
ചെലവ് കുറഞ്ഞതും ഗുണമേന്മയേറിയതുമായ ബാംബൂ നീം ടൈല്‍ വിപണി കീഴടക്കാന്‍ എത്തുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. മുളയും ആര്യവേപ്പും സംയോജിപ്പിച്ച് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷനാണ് ഫ്‌ലോറിംഗില്‍ പുതിയ വിസ്മയം ഒരുക്കുന്നത്. നിലവില്‍ വിപണിയിലുള്ള ബാംബൂ ഫ്ലോറിങ് ടൈലിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നീം ടൈലുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
സ്‌ക്വയര്‍ഫീറ്റിന് 200 മുതല്‍ 250 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പനമ്പും ആര്യവേപ്പിന്റെ വെനീറും ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം. കോഴിക്കോട് നല്ലളത്തെ ഹൈ-ടെക് ബാംബൂ ടൈല്‍ ഫാക്ടറിയില്‍ ഒരു ദിവസം 200 സ്‌ക്വയര്‍ ഫീറ്റ് ബാംബൂ നീം ടൈല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പ്രളയവും കോവിഡുമടക്കം വലിയ പ്രതിസന്ധികള്‍ അതിജീവിച്ചാണ് സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം.
സ്‌കൂളുകള്‍ക്കാവശ്യമായ ഫര്‍ണീച്ചറുകള്‍, ഹട്ട് നിര്‍മ്മാണം, പരിസ്ഥിതി സൗഹൃദ ഓഫീസ് സ്റ്റേഷനറി ഉല്‍പ്പാദനം, ഭൂവസ്ത്രത്തിനാവശ്യമായ മുളംകുറ്റികളുടെ നിര്‍മ്മാണം, ബാംബൂ കര്‍ട്ടന്‍ നിര്‍മ്മാണം തുടങ്ങിയ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ പ്രതീക്ഷ നല്‍കുന്നതാണ്.