സാംസ്‌കാരിക രംഗത്ത് ചലനാത്മകമായ കാലം തീർക്കാൻ സാംസ്‌കാരിക വകുപ്പിന് കഴിഞ്ഞു: മന്ത്രി എ.കെ ബാലൻ
അഡ്മിൻ
സംസ്ഥാനത്തിന്റെ സാംസ്‌കാരിക രംഗത്ത് ചലനാത്മകമായ കാലം തീർക്കാൻ സാംസ്‌കാരിക വകുപ്പിന് കഴിഞ്ഞെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ വാർത്താ സമ്മേളനത്തിൻ പറഞ്ഞു. സാംസ്‌കാരിക രംഗത്ത് ഭാവനാപൂർണവും ഫലപ്രദവുമായ ഇടപെടലാണ് വകുപ്പ് നടത്തിയത്. നവോത്ഥാന സാംസ്‌കാരിക സമുച്ചയം, വജ്രജൂബിലി ഫെലോഷിപ്പ്, നാട്ടരങ്ങ്, റൂറൽ ആർട്ട് ഹബ് തുടങ്ങിയ നൂതന പദ്ധതികൾ സാംസ്‌കാരിക രംഗത്തിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായവയാണ്. സാംസ്‌കാരിക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ ആയിരം രൂപയിൽ നിന്ന് മൂവായിരം രൂപയായും കുടുംബ പെൻഷൻ 750 രൂപയിൽ നിന്നും 1500 രൂപയായും വർദ്ധിപ്പിച്ചു.
കലാരംഗത്ത് പ്രവർത്തിച്ചിരുന്നവർക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന പെൻഷൻ 750 രൂപയിൽ നിന്നും 1500 രൂപയാക്കി. അടിയന്തര ചികിത്സാസഹായ പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് പരമാവധി ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് പെൻഷൻ കിട്ടാത്ത 32000 കലാകാരൻമാർക്ക് 2000 രൂപ വീതം ധനസഹായം നൽകി. 6.40 കോടി രൂപയാണ് ഇങ്ങനെ വിതരണം ചെയ്തത്. മൂന്ന് കോടി രൂപയുടെ സഹായം കൂടി ഈ രീതിയിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വൈവിധ്യ സമ്പൂർണമായ സാംസ്‌കാരിക പ്രവർത്തനങ്ങളാണ് നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി വിപുലമായി ആചരിച്ചു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷിക സ്മാരകമായി തിരുവനന്തപുരത്ത് ഒബ്സർവേറ്ററി ഹിൽസിൽ 1.19 കോടി രൂപ ചെലവിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാർഷികത്തോട് അനുബന്ധിച്ച് ‘രക്തസാക്ഷ്യം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിന്ന വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിജി മൂന്ന് തവണ സന്ദർശനം നടത്തിയ പാലക്കാട്ടെ ശബരി ആശ്രമത്തിൽ ഗാന്ധിസ്മൃതി മന്ദിരത്തിന്റെ നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കും. നവോത്ഥാന നായകരുടെ സ്മാരകമായി പാലക്കാട്, കൊല്ലം, കാസർഗോഡ് ജില്ലകളിലെ നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങൾ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരളം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും മാനുഷികതയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാനും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുവാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് നൽകുന്ന വിവിധ പുരസ്‌കാങ്ങളുടെ തുക വർദ്ധിപ്പിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കലാപഠനം പൂർത്തിയാക്കി യോഗ്യത നേടിയ 1000 ചെറുപ്പക്കാർക്ക് 15000 രൂപ വീതം പ്രതിമാസം ഫെലോഷിപ് നൽകുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതി രാജ്യത്തൊരിടത്തുമില്ലാത്ത പദ്ധതിയാണ്. 174 ക്ലസ്റ്ററുകളിലായി ഒരുലക്ഷം പേർക്കാണ് ഇവർ കലാപരിശീലനം നൽകുന്നത്. കഴക്കൂട്ടത്ത് നടൻ സത്യന്റെ സ്മാരകമായി ഇൻറർനാഷണൽ ഫിലിം സ്റ്റഡി റിസർച്ച് സെൻറർ & ഡിജിറ്റൽ ആർക്കൈവ്സ് നിർമ്മിച്ചു. നിത്യഹരിതനായകനായ പ്രേംനസീറിന് സ്വന്തം നാടായ ചിറയിൻകീഴിൽ പ്രേംനസീർ സ്മാരകത്തിന്റെ നിർമാണം തുടങ്ങി.
ചലച്ചിത്ര അക്കാദമിക്ക് ആസ്ഥാനമന്ദിരമുണ്ടാക്കി. മലയാളം മിഷന്റെ പ്രവർത്തനം 43 രാജ്യങ്ങളിലും 24 സംസ്ഥാനങ്ങളിലും വ്യാപിപ്പിച്ചു. മലയാളം റേഡിയോ പ്രവർത്തനം തുടങ്ങി. ഗ്രാമീണ കലാകാരൻമാർക്കും കരകൗശലക്കാർക്കും ഉപജീവനം സാധ്യമാക്കുന്ന റൂറൽ ആർട്ട് ഹബ്ബ് പദ്ധതി 20 കേന്ദ്രങ്ങളിൽ നടപ്പിലാക്കുകയാണ്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ‘നാട്ടരങ്ങ്’ എന്ന സാംസ്‌കാരിക ഇടനാഴി നിർമിക്കുന്ന പദ്ധതി ആരംഭിച്ചു. നാദാപുരത്ത് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണപ്രവൃത്തികൾ ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി 18 ഇടങ്ങളിലായി 22 ആർട്ട് ഗാലറികൾ നിർമിച്ചതായും മന്ത്രി പറഞ്ഞു.
പ്രശസ്ത കർണാടക സംഗീതജ്ഞനായ എം.ഡി. രാമനാഥന് ജൻമനാടായ കണ്ണമ്പ്രയിൽ ഒരു കോടി രൂപ ചെലവിൽ സ്മാരക മന്ദിരം നിർമ്മിച്ചു. കവി എൻ.എൻ. കക്കാട്, കവി കുഞ്ഞുണ്ണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, വെള്ളൂർ പി. രാഘവൻ എന്നിവരുടെ സ്മാരകങ്ങളും ഉദ്ഘാടനം ചെയ്തു.
വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി കോട്ടായിയിൽ സംഗീത പൈതൃകഗ്രാമം ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചു. കഥാപ്രസംഗ കലയിലെ കുലപതിയായ വി. സാംബശിവന് കൊല്ലം ചവറയിൽ നിർമിക്കുന്ന സ്മാരകം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ഗോവിന്ദ പൈ സ്മാരകം, കൊല്ലം ശാസ്താംകോട്ടയിലെ ബസവേശ്വര സ്മാരകം എന്നിവയും ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഇന്ദുചൂഡന്റെ സ്മാരകത്തിന്റെ നിർമാണം കാവശ്ശേരിയിലും, മഹാകവി ഒളപ്പമണ്ണയുടെ സ്മാരക നിർമാണം പെരിങ്ങോട്ടുകുറുശ്ശിയിലും ആരംഭിച്ചു. ചെറായിയിൽ പണ്ഡിറ്റ് കറുപ്പന് സ്മാരകമുണ്ടാക്കുന്നതിന്റെ നിർമാണപ്രവർത്തനവും തുടങ്ങി. ടൂറിസം വകുപ്പുമായി സഹകരിച്ചു തസ്രാക്കിൽ ഒ.വി. വിജയൻ സ്മാരകത്തോടനുബന്ധിച്ച് ഒരുക്കുന്ന റൈറ്റേഴ്സ് വില്ലേജ് പദ്ധതിയുടെ നിർമാണോദ്ഘാടനം നവംബർ നാലിന് നടക്കുമെന്നും മന്ത്രി പറഞ്ഞു.
02-Nov-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ