വിചാരണകോടതി നടപടിക്കെതിരെ സത്യവാങ്‌മൂലവുമായി സംസ്ഥാന സര്‍ക്കാര്‍

വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ നടപടിക്കെതിരെ രൂക്ഷമായ ആരോപണവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ . സർക്കാർ സമർപ്പിച്ച അമ്പതോളം പേജുളള സത്യവാങ്‌മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് വിചാരണ കോടതിക്കെതിരെ വിമർശനം നടത്തുന്നത്.

മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിലുംകോടതിക്ക് വീഴ്‌ച പറ്റി. മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്‌ജു മൊഴി നൽകി. ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയില്ല. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകൾ ഫോണിലൂടെ തന്നോട് പറഞ്ഞു. സത്യം പറയാൻ താൻ ബാദ്ധ്യസ്ഥയാണെന്നായിരുന്നു മഞ്ജു മകളോട് പറഞ്ഞത്.

താൻ ഇത് രേഖപ്പെടുത്തണമെന്ന് കോടതിയോട് പറഞ്ഞിട്ടും അത് രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായില്ല.അതേപോലെതന്നെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്‌ച പറ്റി. തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്നായിരുന്നു മൊഴി. പക്ഷെ ഇതിനെ കേട്ടറിവ് മാത്രമെന്നായിരുന്നു കോടതിയുടെ ന്യായമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

അതേപോലെ, പല ഘട്ടങ്ങളിലായി വാഹനത്തിൽ വച്ചുണ്ടായ പീഡനത്തെപ്പറ്റി നടിയെ മാനസികമായി തളർത്തുന്ന ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പക്ഷെ ഇതിലൊന്നും കോടതി ഇടപെട്ടില്ലെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു.സർക്കാർ നൽകിയ സത്യവാങ്‌മൂലം ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കും.

02-Nov-2020