കേരളത്തില്‍ കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് നാളെ മുതൽ
അഡ്മിൻ
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം നാളെ മുതൽ. കുത്തിവയ്പ്പിനായി 133വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമായി.ആദ്യദിനമായ നാളെ 13,300 പേർക്ക് വാക്സിൻ നൽകും. സംസ്ഥാനത്തെത്തിയ4,33,500 ഡോസ് കൊവിഷീൽഡ് വാക്സിൻ ജില്ലകളിലെത്തിച്ചു. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ സൂക്ഷിക്കേണ്ട വാക്സിൻ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയർഹൗസുകളിലേക്ക് മാറ്റിയത്.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 11 വീതവും മറ്റ് ജില്ലകളിൽ ഒമ്പത് വീതം വാക്സിനേഷൻ കേന്ദ്രങ്ങളുമാണ് ഉള്ളത്. സർക്കാർ സ്വകാര്യ മേഖലകളിലായി3,68,866 ആരോഗ്യപ്രവർത്തകരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാക്സിനേഷന് സംസ്ഥാനം പൂർണ സജ്ജമെന്നുംഭയപ്പെടേണ്ട തരത്തിലുള്ള പാർശ്വഫലങ്ങൾ വാക്സിന് ഇല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പറഞ്ഞു.
രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് കുത്തിവയ്പ്പ്.വാക്സിൻ സ്വീകരിക്കാനായി എപ്പോൾ ഏതു കേന്ദ്രത്തിൽ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് മൊബൈൽ സന്ദേശം ലഭിക്കും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവർ, കൊവിഡ് ലക്ഷണങ്ങളുള്ളവർ എന്നിവരെ ഒഴിവാക്കും.
ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. ഫെബ്രുവരി ആദ്യം അടുത്ത ബാച്ച് വാക്സിനെത്തുമെന്നാണ് വിവരം.അൻപത് വയസിന് മുകളിലുള്ളവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും അടുത്ത ഘട്ടത്തിൽ വാക്സിൻ നൽകും.