ബജറ്റ്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനം: മുഖ്യമന്ത്രി
അഡ്മിൻ
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനമാണ് നിയമസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഭാവി കേരളത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. 2019 ഓടെ സാർവ്വദേശീയ -ദേശീയ തലത്തിൽ വളർച്ചാ നിരക്കിൽ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെയും അത് ബാധിച്ചു. ആ പ്രതിസന്ധിയെ കോവിഡ് മഹാമാരിയുടെ വരവ് അതിസങ്കീർണമാക്കി. സാമൂഹിക-സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തി അതിനെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. അതിനുള്ള പ്രായോഗിക മാർഗമാണ് ഈ ബജറ്റിലൂടെയും കണ്ടെത്തുന്നത്.
കേരളത്തെ വിജ്ഞാന സമൂഹമാക്കി മാതൃകാ രൂപത്തിൽ ഉയർത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. ഒരു വർഷം കൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ദീർഘ കാലാടിസ്ഥാനത്തിൽ പുതിയ തൊഴിൽ സാധ്യതകൾ തുറക്കുന്നതുമാണ് ബജറ്റിലെ നിർദേശങ്ങൾ.
സാമ്പത്തിക വളർച്ച വീണ്ടെടുത്ത് ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹിക സമത്വത്തിലും ഊന്നൽ നൽകുന്നു എന്നതാണ് സർക്കാർ സമീപനത്തിന്റെ സവിശേഷത. കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും നാടിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കു വേണ്ട സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കാനും വിട്ടുവീഴ്ചയില്ലാതെ പരിശ്രമിക്കുന്നു എന്നതാണ് ഈ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. ആ വിശ്വാസത്തെ കൂടുതൽ ഉറപ്പോടെ പരിരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബജറ്റിലൂടെ സർക്കാർ ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.