വാക്സിൻ വിതരണം കേരളത്തിന് ആശ്വാസം പകരുന്നത്: മന്ത്രി കെ.കെ ശൈലജ
അഡ്മിൻ
കോവിഡ് വാക്‌സിന്‍ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് മന്ത്രി കെ.കെ. ശൈലജ. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 133 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിലെ വാക്‌സിന്‍ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതാണെന്നും രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്‌സിന്‍ ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് പോലീസുകാര്‍, അങ്കൺവാടി വര്‍ക്കര്‍മാര്‍, വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണന പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 50 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിന് അനുസരിച്ച് തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കും.
വാക്‌സിന്‍ ഉത്പാദിപ്പിച്ചു കിട്ടുന്നതിന്റെയും കേന്ദ്രത്തിന്റെ ക്വാട്ട അനുവദിച്ചു കൊടുക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വാക്‌സിന്‍ വിതരണം. വാക്‌സിന്‍ വന്നുകഴിഞ്ഞാല്‍ ഇത്തരം വൈറസുകളെ കീഴടക്കാന്‍ സാധിക്കും. അടുത്ത ഘട്ടം വാക്‌സിന്‍ വിതരണത്തിനും കേരളം പൂര്‍ണമായും തയ്യാറാണെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.