ഓപ്പറേഷൻ സ്‌ക്രീൻ ആരംഭിച്ചു; കൂളിംഗ് പേപ്പറും കർട്ടനുമിട്ട വാഹനങ്ങള്‍ക്ക് പിടിവീഴും

കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിംഗ് പേപ്പറും കർട്ടനുമിട്ട വാഹനങ്ങൾക്ക് ഇന്നു മുതൽ പിടിവീഴും. ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന. ഹൈക്കോടതി- സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പറും, കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കും.

ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴി പെറ്റി ചുമത്തും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദേശിച്ചിട്ടുണ്ട്.

സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും പലരും ഇപ്പോഴും വാഹനങ്ങളില്‍ നിന്നും കർട്ടനും ഫിലീമും നീക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു.

17-Jan-2021