സ്റ്റാർട്ട്അപ്പുകളെ സഹായിക്കാൻ വെൻച്വർ കാപിറ്റൽ ഫണ്ട് ആലോചിക്കും: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ സഹായിക്കാൻ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ പ്രതിനിധികളുമായി മാസ്‌ക്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ട് അപ്പുകളുടെ ഉത്പന്നങ്ങളെ പ്രോത്‌സാഹിപ്പിക്കും. സ്റ്റാർട്ട്അപ്പുകളുമായുള്ള സർക്കാരിന്റെ ബന്ധം മികച്ചതാണ്. അത് ശക്തമായി തുടരും. സ്റ്റാർട്ട് അപ്പുകൾക്കുള്ള സഹായ ഫണ്ട് വർധിപ്പിക്കുന്നത് പരിശോധിക്കും.
സ്റ്റാർട്ട്അപ്പുകളുടെ സേവനങ്ങൾക്കുള്ള സർക്കാർ വകപ്പുകളുടെ ഫണ്ട് വിതരണത്തിലെ കാലതാമസം ഒഴിവാക്കും. സ്റ്റാർട്ട്അപ്പ് ഉത്പന്നങ്ങൾക്ക് വിപണന സഹായം ഉറപ്പാക്കും. സ്റ്റാർട്ട്അപ്പുകൾക്ക് കൂടുതൽ സഹായം ലഭ്യമാകുന്ന രീതിയിൽ ഈ വർഷം മുതൽ രാജ്യാന്തര ലോഞ്ച്പാഡ് രൂപീകരിക്കും. സർക്കാർ പദ്ധതികളിൽ സ്റ്റാർട്ട്അപ്പുകൾക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നതിനുള്ള സംവിധാനം ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സ്റ്റാർട്ട്അപ്പുകളുടെ നാലു മാസത്തെ വാടക പൂർണമായും അതിന് ശേഷമുള്ള മൂന്നു മാസത്തേത് ഭാഗികമായും ഒഴിവാക്കിയിട്ടുണ്ട്. പ്രവാസി സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക നിക്ഷേപ അവസരം ഒരുക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. വിപണിയും മറ്റു സഹായവും ലഭിക്കുന്നതിന് കോർപറേറ്റുകളെ പരിചയപ്പെടുത്തുന്ന പദ്ധതിയുടെ പ്രയോജനം 50ലധികം സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ചിട്ടുണ്ട്.
20 ലക്ഷം രൂപ വരെ മതിപ്പുള്ള മൊബൈൽ ആപ്പുകളും സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളും സ്റ്റാർട്ട്അപ്പുകളിൽ നിന്ന് സംഭരിക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് അനുമതിയുണ്ട്. ഒരു കോടി രൂപ വരെ മതിപ്പുള്ള ഉത്പന്നങ്ങളോ സേവനങ്ങളോ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് നിയന്ത്രിത ടെണ്ടറിലൂടെ വാങ്ങുന്നതിന് സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുവാദം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സ്റ്റാർട്ട് അപ്പുകളുടെ പ്രതിനിധികൾ തങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. മാസ്‌ക്കറ്റ് ഹോട്ടലിൽ നേരിട്ട് എത്തിയവർക്ക് പുറമെ ഓൺലൈനിലും പ്രതിനിധികൾ മുഖ്യമന്ത്രിയുമായി സംവദിക്കാനെത്തി. ഐ. ടി സെക്രട്ടറി മുഹമ്മദ് വൈ. സഫിറുള്ള സ്വാഗതവും സ്റ്റാർട്ട് അപ്പ് സി. ഇ. ഒ ശശി പിലാത്തേരി മീത്തൽ നന്ദിയും പറഞ്ഞു.