പിറവത്ത് ഗ്രൂപ്പ് പോര് കയ്യാങ്കളിയില്‍; ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി
അഡ്മിൻ
എറണാകുളം പിറവത്ത് ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് വഴക്കിൽ അവസാനിച്ചു . പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമം നടത്തിയ 10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ യോഗം എല്ലാ മണ്ഡലങ്ങളിലും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പിറവത്തും യോഗം നടത്തിയത്.
യോഗത്തിനിടെ ഉദയംപേരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ നേതൃത്വം ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തുകയായിരുന്നു. മറ്റൊരു വിഭാഗം ഇത് എതിര്‍ത്തതിനെ തുടർന്നു ചെറിയ തോതില്‍ ആരംഭിച്ച വാക്കേറ്റം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു.