അര്‍ണബ് ഗോസ്വാമിക്കെതിരെ നിയമ നടപടിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍

റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒയും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന വിഷയത്തില്‍ നിയമനടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ വാട്‌സ്ആപ്പ് സംഭാഷണത്തിലൂടെ പുറത്തുവിട്ടെന്ന പരാതിയിലാണ് അര്‍ണബിനെതിരെ നടപടി.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാക്കിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിനെ കുറിച്ചും അര്‍ണാബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് സൂചന നല്‍കുന്നതായിരുന്നു പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍.

ഔദ്യോഗിക രഹസ്യനിയമപ്രകാരം അര്‍ണബിനെതിരെ കേസെടുക്കാനാകുമോ എന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. അര്‍ണബിനെതിരെ നടപടിയാവശ്യപ്പെട്ട് ഘടക കക്ഷിയായ കോണ്‍ഗ്രസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

20-Jan-2021