സി.എ.ജി റിപ്പോർട്ടിനെതിരായ പ്രമേയം പാസാക്കി കേരളാ നിയമസഭ

സി.എ.ജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദവോട്ടോടെ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ പലതും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് എതിരാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച് കൃത്യമായ അറിവില്ലാതെ തയ്യാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ നിഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണ്.

ചരിത്രത്തിൽ ആദ്യമായാണ് സി. എ. ജി റിപ്പോർട്ടിലെ പരാമർശങ്ങൾ കേരള നിയമസഭ നിരാകരിക്കുന്നത്.
സി.എ.ജി റിപ്പോർട്ടിലെ പേജ് 41 മുതൽ 43 വരെയുള്ള കിഫ് ബി സംബസിച്ച പരാമർശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയിൽ ഇതു സംബന്ധിച്ച രേഖപ്പെടുത്തലുകളും ഈ സഭ നിരാകരിക്കുന്നു. എം.എൽ.എമാരായ വീണ ജോർജ്ജ്, ജയിംസ് മാത്യു, എം. സ്വരാജ്, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയ ഭരണപക്ഷ എം.എൽ.എമാർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.

22-Jan-2021