കേന്ദ്രകാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തുനടക്കുന്ന കർഷക സമരം അട്ടിമറിക്കാനും നേതാക്കൾക്കു നേരെ വെടിവെക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കർഷകർ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. സമരം ചെയ്യുന്ന സംഘടനകളിലെ നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയാതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ആക്രമിയെ ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്. രാത്രിയിൽ സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ കർഷകർ ചോദ്യം ചെയ്തു. അതോടുകൂടിയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയാണ് ഇയാളെന്ന് മനസിലായത്.
കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘം ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് പോലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു എന്നും കർഷക നേതാക്കൾ ആരോപിച്ചു.