പതാക ഉയര്‍ത്തി ചെങ്കോട്ട പിടിച്ച് കർഷകർ

അതിർത്തിയിലെ തടസ്സങ്ങൾ ഭേദിച്ച് ഡൽഹിയിലേക്ക് ഇരച്ചു കയറിയ കർഷകർ ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കർഷകരാണ് ചെങ്കോട്ടയിലെത്തിയത്. അതിനിടെ, ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കർഷകർ ആരോപിച്ചു.

നേരത്തെ, പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കർഷകൻ മരിച്ചത് എന്നായിരുന്നു റിപ്പോർട്ട്. മരിച്ച കർഷകന്റെ മൃതദേഹവുമായി കർഷകർ ദീൻദയാൽ ഉപാധ്യായ റോഡിൽ പ്രതിഷേധിക്കുകയാണ്. പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കർഷകർ ഡൽഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. വഴിയിലുടനീളം പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി.

കർഷകർ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാർ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകൾ പ്രതിഷേധത്തിനിടെ തകർക്കപ്പെട്ടു. പൊലീസ് കർഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ പറഞ്ഞു.

26-Jan-2021