ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
അഡ്മിൻ
വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പർശനം പീഡനമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയാണ് സ്റ്റേ ചെയ്തത്. ചർമവും ചർമവും തമ്മിൽ സ്പർശനം ഉണ്ടായില്ലെന്നും അതിനാൽ ലൈംഗിക പീഡനമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്നുമായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.
കേസിൽ സ്ത്രീയുടെ അന്തസ് ഹനിക്കൽ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്. മൂന്ന് വനിതാ അഭിഭാഷകർ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയെ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാൽ പറഞ്ഞു.
31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് വിവാദമായ പരാമർശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചുവെന്നാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.