സംസ്ഥാനത്തെ എല്ലാ ജനങ്ങളും എൽ.ഡി.എഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ ജനങ്ങളും എൽ.ഡി.എഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേപോലെ തന്നെ പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .

2016 ല്‍ ഭരണ മാറ്റം ജനം ആഗ്രഹിച്ചു. ശാപം ഒഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചു. അന്ന് ഞങ്ങള്‍ എന്തൊക്ക ചെയ്യും എന്ന് മുന്നോട്ട് വച്ചു. അഞ്ച് വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് പറഞ്ഞത് മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിച്ചു. ഓരോ വര്‍ഷവും എത്രത്തോളം നടപ്പാക്കി എന്ന പ്രോഗ്രസ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവതരിപ്പിച്ചു. കേരത്തില്‍ ഒന്നും നടക്കില്ല എന്ന സ്ഥിതി മാറ്റി. നിരാശ മാറ്റി സര്‍ക്കാര്‍ പ്രത്യാശ പകര്‍ന്നു. എല്ലാ വിഭാഗവും എല്‍.ഡി.എഫ് തുടര്‍ച്ച വേണമെന്ന് ആഹിക്കുന്നു.

സംസ്ഥാനത്ത് നെല്‍കൃഷി വര്‍ദ്ധിച്ചു. 2,23,00 ഹെക്ടറിലാണ് ഇപ്പോള്‍ കൃഷിയുള്ളത്. പൊതു വിദ്യാലയങ്ങളില്‍ 6,80,000 കുട്ടികള്‍ അധികമായെത്തി. 1,19,000ല്‍ അധികം ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തു. എല്‍.ഡി.എഫ് കാലത്ത് സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 3,900 ആയി ഉയര്‍ന്നു.

കൊവിഡ് മഹാമാരി വന്നപ്പോൾ സർക്കാർ ശ്രദ്ധിച്ചത് റേഷൻ വിതരണം കൃത്യമായി നടത്താനാണ്. കൊവിഡ് വന്നപ്പോൾ ആരും കേരളത്തിൽ പട്ടിണി കിടക്കാൻ പാടില്ല എന്നായിരുന്നു സർക്കാർ നിലപാട്. ഈ ഘട്ടത്തിലൊക്കെ ജാതിയോ മതമോ നോക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന് ഒപ്പം നിന്നു. ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷത്തി അൻപത്തി ഒന്നായിരത്തിലേറെ വീടുകൾ പൂർത്തിയായി.

ന്യൂനപക്ഷം സ്വയം സംഘടിച്ചല്ല ഭൂരിപക്ഷവർഗീയതയെ ചെറുക്കേണ്ടത്. വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുകയാണ് വേണ്ടത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിനുള്ളത്. അയോധ്യക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകിയ ഒരു കോണ്‍ഗ്രസ് എംഎൽഎ ഇവിടെയുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

13-Feb-2021