ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമുണ്ടായില്ലെങ്കിൽ ഉത്തരവാദപ്പെട്ടവരും പ്രശ്‌നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബി.ജെ.പിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് ഭാരവാഹികൾക്ക് താക്കീത് നൽകിയത്.

ഉത്തരവാദിത്തം നിർവഹിക്കാത്തവർ സംഘടനാ സംവിധാനത്തിലുണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗ്രൂപ്പിസം എന്ന വാക്കുപയോഗിച്ചില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിലെ വഴക്കിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഉത്തരവാദിത്തമുണ്ടായിട്ടും പ്രവർത്തിക്കാത്തവർക്കു നേതൃത്വത്തിൽ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. പാർട്ടി നേതൃത്വത്തെ മറികടന്നു പോകുന്നതിനെതിരെയുള്ള താക്കീതുകൂടിയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹം കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചത്. തുടർന്നു തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. കെ. സുരേന്ദ്രനും ജോർജ് കുര്യനുമാണു കൺവീനർമാർ. പ്രാദേശിക ചുമതലയുള്ള നേതാക്കളുടെ യോഗത്തിൽ കടുത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്.

17-Feb-2021