കേരളത്തില്‍ തുടർഭരണത്തിന് സാധ്യതയുണ്ടെന്നും പി.എസ്.സി സമരം സർക്കാരിന് തിരിച്ചടിയാകില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസിന്റെ പരാജയത്തിന് കാരണം ഈഴവ സമുദായത്തോട് കാണിച്ച തെറ്റായ സമീപനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതേതരത്വം പറയുന്ന കോൺഗ്രസോ ലീഗോ ഇവിടെ ഈഴവനെയോ പിന്നോക്കക്കാരെയോ ജയിക്കുന്ന ഒരു സീറ്റിൽ നിർത്തുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ''ഈഴവ സമുദായത്തോടും നേതാക്കന്മാരോടും എന്ത് ചെയ്താലും ആർക്കും ഒന്നും തോന്നില്ലാ എന്ന ഒരു അഹങ്കാരം കോൺഗ്രസിനുണ്ടായിരുന്നു. എൻ.എസ്.എസും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്ന് ഉണ്ടായ ഒരു ഭരണമായി യു.ഡി.എഫ് മാറി എന്നൊരു വികാരം സമുദായത്തിനകത്ത് ഉണ്ടായി. ആ വികാരമാണ് യു.ഡി.എഫിനെ അഞ്ചു കൊല്ലം ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയത്.
ഒരു സമുദായ നേതാവിന്റെയും വീട്ടിൽ പോകരുതെന്ന് പറഞ്ഞ സുധീരനും, ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കളും ഇപ്പോൾ സമുദായ നേതാക്കന്മാരുടെയും മതനേതാക്കന്മാരുടെയും ആസ്ഥാനത്ത് കയറി ഇറങ്ങുന്ന അവസ്ഥയുണ്ട്. അവരെടുത്ത പഴയ തീരുമാനങ്ങൾ തെറ്റിപ്പോയി എന്ന് അവർക്ക് തന്നെ തോന്നി. ആ ബോധത്തിന്റെ പുറത്തായിരിക്കണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്നെ കാണാൻ വന്നു.
എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം അവരോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിന് കേരളത്തിൽ ഒറ്റ ഈഴവ എം.എൽ.എ പോലും ഇല്ലാത്ത സ്ഥിതിയുണ്ടായി. കോൺഗ്രസ് ആരുടെ കോൺഗ്രസ് ആയി മാറിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ബി.ഡി.ജെ.എസിന് നൽകിയ വാഗ്ദാനങ്ങൾ ബി.ജെ.പി പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബി.ഡി.ജെ.എസ് മാറണമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാർത്ഥി നിർണയത്തിന് ശേഷം എസ്.എൻ.ഡി.പിയോഗം നിലപാട് വ്യക്തമാക്കുമെന്നും സാമൂഹിക നീതി പാലിക്കുന്നുണ്ടോ എന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.