വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡി.സി.സി സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് സമീപത്ത് എത്തി നില്‍ക്കെ വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വയനാട് ഡി.സി.സി സെക്രട്ടറി പി. കെ അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണ്. രണ്ടു വര്‍ഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

പ്രാദേശിക വികാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും അനില്‍കുമാര്‍ ആരോപിച്ചു.അദ്ദേഹം എല്‍.ജെ.ഡിയില്‍ ചേരുമെന്നാണ് സൂചന. കല്‍പ്പറ്റ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനില്‍കുമാര്‍. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

വയനാട് ഡി.സി.സി സെക്രട്ടറിയായ അനിൽകുമാർ യു.ഡി.എഫ് സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിൽ കുമാറിന്റെ രാജിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

27-Feb-2021