യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങും: എ. വിജയരാഘവന്‍

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്‍.ഡി.എഫിന് തുടര്‍ഭരണം സാധ്യമാകുമെന്നും യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും വിജയരാഘവന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇടത് മുന്നണിക്ക്‌ വലിയ അളവിലുള്ള ജനപിന്തുണ കേരളത്തില്‍ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയില്‍ കണ്ട ജനപിന്തുണ. പുതിയ പാര്‍ട്ടികള്‍ എത്തിയതോടെ എല്‍.ഡി.എഫിന്റെ വിജയസാധ്യത വര്‍ദ്ധിച്ചു. സീറ്റുവിഭജനം മികച്ച രീതിയില്‍ പരിഹരിക്കാനാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം, സീറ്റ് വിഭജനം വേഗത്തിലാക്കാന്‍ ഇന്ന് ചേരുന്ന സി.പിഐ..എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പാർട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്യും. സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉള്‍പ്പെടെ മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളൾ തീരുമാനിക്കുന്നതിൽ ഇന്നത്തെ നേതൃയോഗം നിർണ്ണായകമാണ്. മുഖ്യമന്ത്രിയും സി.പി.ഐ.എം നേതൃത്വവും , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നാളെ കൂടിക്കാഴ്ച നടത്തും.

27-Feb-2021