ഇന്ത്യയിൽ കോൺഗ്രസ് ദുർബലമാവുന്നു; ദേശീയ നേത്രുത്വത്തിനെതിരെ കപില്‍ സിബല്‍

ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം സത്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഒന്നിച്ചുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സിബൽ പറഞ്ഞു.

' സത്യം എന്താണെന്നുവെച്ചാൽ കോൺഗ്രസ് പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുൻപും ഒത്തുകൂടിയിട്ടുണ്ട്. ഒന്നിച്ചുനിന്ന് പാർട്ടിയെ ശക്തപ്പെടുത്തണം,' - രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ.

നേരത്തെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളാണ് പരിപാടിയിൽ ഒത്തുചേർന്നത്.
'ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോൺഗ്രസിലെയും അടിത്തറ അറിയുന്നയാളാണ്. പാർലമെന്റിൽ നിന്ന് അദ്ദേഹം ഒഴിവായപ്പോൾ നമ്മൾ എല്ലാവർക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാർലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല' സിബൽ പറഞ്ഞു.

കപിൽ സിബലിന് പുറമെ കോൺഗ്രസ് നേതൃത്വത്തെ തിരുത്താൻ ശ്രമിച്ച ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ തുടങ്ങിയ നേതാക്കളും ജമ്മുകശ്മീരിൽ രണ്ടു ദിവസങ്ങിലായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

'കഴിഞ്ഞ ഒരു ദശകത്തിൽ കോൺഗ്രസ് ദുർബലമായി. പാർട്ടിയുടെ നന്മയ്ക്കാണ് ഞങ്ങളുടെ ശബ്ദം. എല്ലായിടത്തും ഇത് വീണ്ടും ശക്തിപ്പെടുത്തണം. പുതിയ തലമുറയെ പാർട്ടിയുമായി ബന്ധിപ്പിക്കണം കോൺഗ്രസിന്റെ നല്ല ദിവസങ്ങൾ ഞങ്ങൾ കണ്ടു. പ്രായമാകുമ്പോൾ ഇത് ദുർബലമാകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' ആനന്ദ് ശർമ്മ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

27-Feb-2021