മുസ്ലിം ലീഗ് വിവാദം; ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനും ഭിന്നത
അഡ്മിൻ
നരേന്ദ്ര മോഡിയുടെ നേതൃത്വം അംഗീകരിച്ച് മുസ്ലിംലീഗിനും എൻ.ഡി.എയുടെ ഭാഗമാകാം എന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവന പാർട്ടിക്കുള്ളിൽ വിവാദമാകുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശോഭാസുരേന്ദ്രന്റെ പ്രസ്താവന നിരാകരിച്ചു. മുസ്ലിംലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗ്ഗീയ കക്ഷിയാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. വിജയ യാത്രയുടെ ഭാഗമായി തൃശൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിൽ ഉള്ളവർക്ക് പാർട്ടി വിട്ട് ബിജെപിയിലേക്ക് വേണമെങ്കിൽ വരാം. ലീഗ് പൂർണ്ണമായും അവരുടെ നിലപാട് ഉപേക്ഷിക്കുകയാണെങ്കിലും വരാം. മുസ്ലീങ്ങൾ അല്ലാത്തവർക്ക് അംഗത്വം പോലും നൽകാത്ത പാർട്ടിയെ എങ്ങനെ മതേതര പാർട്ടി എന്ന് അഭിസംബോധന ചെയ്യുമെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.
തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് നിൽക്കെ ലീഗിനെ ചൊല്ലിയാണ് ബി.ജെ.പിയിലെ പുതിയ കലാപം. ലീഗിനെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രനാണ് കലാപത്തിന് തിരികൊളുത്തിയത്. സുരേന്ദ്രൻ തിരിച്ചടിച്ചതോടെ സംഗതി വിവാദമായി. സുരേന്ദ്രൻ തള്ളിയിട്ടും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശോഭ.
താൻ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണെന്ന് ശോഭ ആവർത്തിക്കുന്നു. വർഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്രമോഡിയുടെ നയങ്ങൾ സ്വീകാര്യം എന്ന് പറഞ്ഞാൽ മുസ്‌ലിം ലീഗിനെയും ഉൾക്കൊള്ളിക്കാവുന്ന ദർശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്ന് ശോഭ പ്രതികരിച്ചു. ശോഭയെ അനുകൂലിക്കുന്ന നിലപാടാണ് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചത്. ലീഗിന് മുന്നിൽ ബിജെപി വാതിൽ കൊട്ടിയടച്ചിട്ടില്ല. സംസ്ഥാനത്ത് കൂടുതൽ ഘടകകക്ഷികൾ ഉണ്ടാകണം എന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും കുമ്മനം പറഞ്ഞു. കുമ്മനത്തിന്റെ വിശദീകരണത്തിന് പിന്നാലെ ഈ നിലപാടിനെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.