സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും യോഗങ്ങൾ ആരംഭിക്കുന്നു. സി.പി.ഐ.എമ്മിന്റെ സ്ഥാനാർത്ഥിനിർണയ ചർച്ച തിങ്കളാഴ്ച തുടങ്ങും. ഓരോ ജില്ലയിൽനിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്ഥാനനേതൃത്വത്തിന്റെ അന്തിമ തീരുമാനം.
ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥിനിർണയ ചർച്ചകൾക്ക് തുടക്കമിട്ടു. മാർച്ച് ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റുകൾ യോഗംചേർന്ന് നിർദേശങ്ങൾക്ക് രൂപംനൽകി സംസ്ഥാന നേതൃത്വത്തിനു കൈമാറണം. ഇത് നാല്, അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തും.
സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമപട്ടികയ്ക്കു രൂപംനൽകും. രണ്ടുതവണ നിയമസഭാംഗമായവരെ സംഘടനാ പ്രവർത്തനങ്ങളിലേക്കു നിയോഗിക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ സ്ഥാനാർത്ഥിനിർണയത്തിനുള്ള പൊതു മാനദണ്ഡം. എന്നാൽ, ചില മണ്ഡലങ്ങളിൽ വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചാകും തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് പുതുതായി നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല.
അതേസമയം, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരും. സി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കി നൽകാൻ ജില്ലാ എക്‌സിക്യൂട്ടിവിനോട് സംസ്ഥാന എക്‌സിക്യുട്ടീവ് നിർദേശിക്കും. ജില്ലാ എക്‌സിക്യുട്ടീവിൻറെ നിർദേശം പരിഗണിച്ച് സംസ്ഥാന കൌൺസിൽ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നത്.