ബി.ജെ.പിക്ക് തിരിച്ചടി; അസമിൽ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സഖ്യം ഉപേക്ഷിച്ചു
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായി സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സഖ്യം ഉപേക്ഷിച്ചു. ഇവർ കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിലേക്കെത്തി.സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുപ്രധാന രാഷ്ട്രീയ നീക്കം ഉണ്ടായത്.
നിലവിൽ നിയമസഭയിൽ 12 സീറ്റുകളുള്ള ബി.പി.എഫിന് അസമിലെ സര്‍ബാനന്ദ സോനാവാള്‍ നയിക്കുന്ന സര്‍ക്കാരില്‍ മൂന്ന് മന്ത്രിമാരുമുണ്ട്.മുന്നോട്ടുള്ളകാലം സമാധാനമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് സഖ്യമുപേക്ഷിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇനി മുതല്‍ തങ്ങൾക്ക് ബി.ജെ.പിയുമായി സഖ്യമോ സൗഹൃദമോ ഇല്ല, എന്നും ബി.പി.എഫ് അധ്യക്ഷന്‍ ഹാഗ്രാമ മോഹിലാരി ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ തന്നെ തങ്ങളുടെ സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി രംഗത്തെത്തി.