രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽ കൂട്ടായെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ബി.ജെ.പിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നിടത്തുനിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞു മാറുകയാണെന്നും ഗോവ മുതൽ പുതുച്ചേരി വരെ എന്ത് റോളാണ് അദ്ദേഹം വഹിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ടെന്നും നെറികേടുകൾ ഈ നാട്ടിൽ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ കൈയ്യിൽ എങ്ങനെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ എത്തിയത്. മത്സ്യത്തൊഴിലാളികളെ പ്രതിപക്ഷം പറ്റിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

01-Mar-2021