ധർമ്മടത്ത് നിന്നും രണ്ടാം വരവിന് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധർമ്മടത്ത് നിന്നും രണ്ടാം വരവിനൊരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലം രൂപീകരിച്ച ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അടുത്ത ആഴ്ച മുതൽ മുഖ്യമന്ത്രി മണ്ഡലത്തിൽ സജീവമാകും. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉൾപ്പെടുന്ന മണ്ഡലമാണ് ധർമടം.

എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ് ധർമടം രൂപംകൊണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,79,416 വോട്ടർമാരായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയെ നേരിടാൻ കരുത്തനായ സ്ഥാനാർത്ഥിയെ തേടുകയാണ് യു.ഡി.എഫ്. ഫോർവേർഡ് ബ്‌ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉൾപ്പടെയുള്ളവരെ പരീക്ഷിക്കാനാണ് നീക്കം. ദേവരാജൻ ഇതിന് സമ്മതം മൂളിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

02-Mar-2021