തമിഴ്‍നാട്ടിൽ എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി ഭിന്നത രൂക്ഷം

ശശികലയെ കൂടെ നിര്‍ത്തണമെന്ന ബിജെപി നിലപാടില്‍ എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നു. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയെ കൂടെ കൂട്ടണമെന്നാണ് ബി.ജെ.പി എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ.എം.എം.കെയുടെ സാന്നിധ്യത്തിലൂടെ മാത്രമാണ് തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.

ശശികല ജയിലിലായിരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറിമറഞ്ഞുവെന്നും ദിനകരനെയും ശശികലയേയും കൂടെകൂട്ടാതെ തന്നെ വിജയിക്കാനാകും എന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ബി.ജെ.പിയെ അറിയിച്ചിരിക്കുന്നത്. പക്ഷേ ശശികലയെ മാറ്റിനിര്‍ത്തുന്നത് ഡി.എം.കെയ്ക്ക് ഗുണം ചെയ്യുമെന്നാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നത്.

എന്നാല്‍ ശശികലയുമായി ഒരു ധാരണ അപ്രായോഗികമാണെന്ന് പളിനിസാമിയും പറഞ്ഞു. തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ അനിവാര്യവുമാണ്.

02-Mar-2021