നേമത്ത് ബി.ജെ.പിക്കെതിരെ കർഷകർ പ്രചരണത്തിനിറങ്ങും

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ പ്രചാരണത്തിന് കർഷകർ രംഗത്തിറങ്ങും. കർഷക ദ്രോഹ നയങ്ങളാണ് ബി.ജെ.പിയുടെതെന്നും വോട്ട് നൽകരുതെന്നും കർഷകർ അഭ്യർത്ഥിക്കുന്നു. സംയുക്ത കിസാൻ മോർച്ച ന്യൂഡൽഹിയിൽ അറിയിച്ചതാണ് ഇക്കാര്യം.

വിവിധ സംഘടനകളുടെ കർഷക നേതാക്കൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. ഇതിന്റെ ഭാഗമായി മാർച്ച് 12 നാണ് പശ്ചിമബംഗാളിൽ പര്യടനം ആരംഭിക്കുക.തങ്ങളുടെ പര്യടനങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം എന്ന പ്രചാരണം മാത്രമേ കർഷകർ നടത്തൂ. മറിച്ച് രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടു നൽകണമെന്ന് അഭ്യർത്ഥിക്കില്ല. ” ബി.ജെ.പിക്കെതിരെ കർഷകർ, ബി.ജെ.പിയെ ശിക്ഷിക്കുക ” ഇതാണ് കർഷക മുദ്രാവാക്യം. ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് പ്രത്യേക പരിപാടികളാണ് കർഷകർ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് കത്തയക്കാനും കർഷക നേതാക്കൾക്ക് പരിപാടിയുണ്ട്. ദേശീയ നേതാക്കൾ തന്നെ ഈ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാനത്ത് ആലപ്പുഴയിലെ കുട്ടനാട്ടിൽ ആണ് പരിപാടിയുടെ തുടക്കം. കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രാജേവാൾ 15ന് കുട്ടനാട്ടിൽ എത്തും.

03-Mar-2021