പുതുച്ചേരിയില്‍ അമിത് ഷായുടെ പ്രസംഗം ബി.ജെ.പിയെ വെട്ടിലാക്കി
അഡ്മിൻ
പുതുച്ചേരിയിലെ ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതാണ്. പുതുച്ചേരിയിൽ ബി.ജെ.പി മുഖ്യമന്ത്രി അധികാരമേൽക്കും എന്ന് കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി അമിത് ഷാ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ ഈ പ്രസംഗം ഇപ്പോൾ പുതുച്ചേരിയിൽ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ ബി.ജെ.പിയുടെ സഖ്യ കക്ഷിയാണ് എൻ. ആർ കോൺഗ്രസ്. കോൺഗ്രസ് മുൻ മുഖ്യമന്ത്രി ആയിരുന്ന എൻ. രംഗസാമിയുടെ പാർട്ടിയാണിത്. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് ഇവർക്ക് ബി.ജെ.പി വാക്ക് നൽകിയിരുന്നു. എന്നാൽ അമിത് ഷായുടെ പ്രസംഗത്തോടെ ആ പ്രതീക്ഷ വാങ്ങി. ഇതോടെ ഒറ്റക്കു മത്സരിക്കാൻ ഒരുങ്ങുകയാണ് എൻ. ആർ കോൺഗ്രസ്.
30 മണ്ഡലങ്ങളിൽ കഴിഞ്ഞതവണ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ഇല്ല. ഒറ്റയ്ക്ക് മത്സരിച്ച എൻ. ആർ കോൺഗ്രസിന് ഏഴ് സീറ്റ് ഉണ്ടുതാനും. മുന്നണിയിലെ മറ്റൊരു കക്ഷിയായ എ.ഐ.എ.ഡി.എം.കെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തവണ നാല് സീറ്റ് എ.ഐ.എ.ഡി.എം.കെയ്ക്ക് ഉണ്ടായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനെ ഉൾപ്പെടെ സ്വന്തം പാളയത്തിൽ കൂട്ടിയാണ് കോൺഗ്രസ് സർക്കാരിനെ ബി.ജെ.പി വീഴ്ത്തിയത്. എന്നാൽ എൻ. ആർ കോൺഗ്രസിന്റെ സഹായമില്ലാതെ പുതുച്ചേരിയിൽ അധികാരം പിടിക്കുക ദുഷ്കരം. മറുവശത്ത് തമിഴ്നാട് മോഡൽ സഖ്യം വരുമോ എന്ന് വ്യക്തമല്ല. കോൺഗ്രസ്- ഡി.എം.കെ -ഇടതുസഖ്യം പുതുച്ചേരിയിലും യാഥാർഥ്യമായാൽ ഒരുപക്ഷേ ഭരണത്തുടർച്ചയ്ക്ക് ഈ സാഹചര്യത്തിൽ സാധ്യതയുണ്ട്.