കേരളത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ശതമാനം കുറഞ്ഞു. സെപ്‌തംബര്‍ 15ന് ശേഷമുള‌ള ഏ‌റ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് യു.കെയില്‍ ഉള്‍പ്പടെ സ്ഥിരീകരിച്ച ജനിതക വ്യതിയാനം വന്ന വൈറസുകളെ നേരിടാന്‍ ശേഷിയുണ്ട്. അതിനാല്‍ ഈ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. 21 ലക്ഷം ഡോസ് വാക്‌സിന്‍ ഉടന്‍തന്നെ സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സൈറ്റായ കോവിന്‍ സൈ‌റ്റിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ 15 ദിവസത്തെ വാക്‌സിനേഷന്‍ സെഷന്‍ സൃഷ്‌ടിക്കും. ഈ സെഷനുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യും.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഇവിടെ നേരിട്ടെത്തുന്നവര്‍‌ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് താപനില കൂടി വരുന്നതായുംകോട്ടയം ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്നചൂട് ദുരന്തം സൃഷ്‌ടിക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഉഷ്ണതരംഗം, സൂര്യാതപം, സൂര്യാഘാതം എന്നിവയെ ശ്രദ്ധിക്കണം. ഇവ സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതാണ്. വേനല്‍കാല പ്രശ്‌നങ്ങള്‍ ജനങങ്ങള്‍ നേരിടുകയും പ്രത്യേക ജാഗ്രത പാലിക്കണം.

ധാരാളം വെള‌ളം കുടിക്കാനും പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. വയോജനങ്ങള്‍, കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ശ്രദ്ധിക്കണം. പകല്‍ 11 മുതല്‍ 3 വരെ ജാഗ്രത വേണം. ഈ സമയം നേരിട്ട് ചൂടേല്‍ക്കാതെ തൊഴില്‍ സമയം പുനക്രമീകരിക്കണമെന്നും നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

04-Mar-2021