ഇ. ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം; സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

മെട്രോമാൻ ഇ. ശ്രീധരനെ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സുരേന്ദ്രൻ തിടക്കം കാട്ടി എന്നാണ് നേതൃത്വം വിമർശിക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് കൂടിയാലോചിച്ചില്ല എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണം. വിജയ യാത്രയിൽ തിരുവല്ലയിൽ വെച്ചായിരുന്നു കെ. സുരേന്ദ്രന്റെ പ്രഖ്യാപനം.

പ്രഖ്യാപനത്തിൽ പിന്നീട് തിരുത്തുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തിയിരുന്നു. പാർട്ടി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് പത്രവാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് വി. മുരളീധരൻ വിശദീകരിച്ചു. പാർട്ടി നേതാവിനെ വിളിച്ച് ഇക്കാര്യം ക്രോസ്ച്ചെക്ക് ചെയ്യുകയുണ്ടായി. അങ്ങിനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.

05-Mar-2021