കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരെ സി.പി.ഐ.എം

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരെ സി.പി.ഐ.എം. ഇടതുമുന്നണിക്ക് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്ന് സി.പി.ഐ.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.

പ്രതികളിലൊരാൾ കോടതിയിൽ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞതാണെന്ന രീതിയിൽ മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോൾ ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്താവന നൽകുന്നതിന്റെ ഉദ്ദേശം പകൽ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമാണ്.

ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹത്തിന്റെ മനസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ സർക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ് ഉള്ളത്. അതും ഇക്കൂട്ടരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധ:പതിച്ചിരിക്കുന്നു.

കഴിഞ്ഞ കുറച്ചുകാലമായി ബിജെപിയും കോൺഗ്രസും ഉയർത്തിയ അടിസ്ഥാനരഹിത ആരോപണങ്ങൾ കോടതികളിൽ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്. ജനങ്ങൾ വിഡ്ഢികളാണെന്ന് കരുതരുത്. യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും.

സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പുകമറകൾ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയതാണ്. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാൻ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ കേരളീയ ജനതയോട് അഭ്യർത്ഥിക്കുന്നുവെന്നും സി.പി.ഐ .എം പ്രസ്താവനയിൽ പറഞ്ഞു.

05-Mar-2021