ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന ഈ നീക്കങ്ങള്‍ ചിരിക്ക് മാത്രം വക നല്‍കുന്ന കാര്യമാണെന്നും ഇത്തരം ഓലപ്പാമ്പുകെണ്ട് സര്‍ക്കാരിനെ തകര്‍ക്കാനാവില്ലെന്നും എ.എ റഹിം പറഞ്ഞു.
ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വിവരവും ലഭ്യമല്ലെന്നും പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ ആരൊക്കെയോ രക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.‘ ഇത് ചിരിക്ക് മാത്രം വക നല്‍കുന്ന ഒരു കാര്യമാണ്. ഇതിനോടുള്ള എന്റെ പ്രതികരണം സ്‌മൈലി മാത്രമാണ്. ഇവര്‍ക്ക് ആളുമാറിപ്പോയി. ഈ പടയൊരുക്കം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി യു.ഡി.എഫിനെതിരെയാണ് നടത്തിയതെന്ന് കരുതുക. കൂട്ടത്തോടു കൂടി കേരള മന്ത്രി മഭയിലെ അംഗങ്ങള്‍ ബി.ജെ.പി ആയി മാറിക്കഴിഞ്ഞേനെ.
ഇതാണ് ഉത്തരേന്ത്യയില്‍ ഇവര്‍ പരീക്ഷിക്കുന്ന കാര്യം. ഞങ്ങള്‍ക്ക് മടിയില്‍ കനമില്ല. അത് കൊണ്ട് ഞങ്ങളെ ഓലപ്പാമ്പ് കാട്ടാനേ പറ്റൂ. ആ ഓലപ്പാമ്പിനു പിന്നാലെ ഞങ്ങള്‍ പോകില്ല. കേരളത്തിലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പിയുടെ അധീശത്വം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്ന് കേരളത്തിലെ മുഴുവന്‍ പ്രബുദ്ധരായ ആളുകള്‍ക്കും അറിയാം. പിന്നെ ഇത് എപ്പിസോഡ് രണ്ടാണ്. എപ്പിസോഡ് ഒന്ന് കണ്ടല്ലോ, എപ്പിസോഡ് രണ്ടും കൂടി അങ്ങ് ഓടിത്തീരട്ടെ, മെയ് രണ്ടിന് മലയാളികള്‍ ഇതിന് മറുപടി കൊടുത്തോളും,’ എ.എ റഹിം പറഞ്ഞു.