സന്തോഷ് ഈപ്പനെ അറിയില്ല, ഐ ഫോൺ തന്നിട്ടുമില്ല; ആരോപണങ്ങൾ നിഷേധിച്ച് വിനോദിനി ബാലകൃഷ്ണൻ

ഐഫോൺ വിവാദത്തിൽ പ്രതികരിച്ച് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. യൂണിടാക് എം. ഡി സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോൺ തന്നിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. തനിക്ക് കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞു.

അതേസമയം, ഐ ഫോൺ നൽകിയത് സ്വപ്‌ന സുരേഷിനെന്ന് യൂണിടാക് എം. ഡി സന്തോഷ് ഈപ്പൻ പറഞ്ഞു. സ്വപ്ന ഫോൺ ആർക്കാണ് നൽകിയെന്ന് അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി.

സന്തോഷ് ഈപ്പൻ സ്വർണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആറ് ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

ലൈഫ് മിഷൻ കേസ് ആയതോടെ ഈ ഫോണുകൾ ആരെല്ലാം ഉപയോഗിച്ചു എന്നതിൽ അന്വേഷണം തുടങ്ങി.പിന്നീട് ഡോളർ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നു. എന്നാൽ സംഭവം വിവാദമായതോടെ വിനോദിനി ഉപയോഗിച്ച ഫോൺ സ്വിച്ച് ഓഫ് ആക്കുകയായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്.

06-Mar-2021