ഐ ഫോണ്‍ വിവാദം യു.ഡി.എഫിന് ബൂമറാങ്ങാകും: എളമരം കരീം
അഡ്മിൻ
സംസ്ഥാനത്ത് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഐ ഫോണ്‍ വിവാദം യു.ഡി.എഫിന് തന്നെ ബൂമറാങ്ങാകുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും എളമരം കരീം പറഞ്ഞു. അതേപോലെ തന്നെ പി. ജയരാജനും ജി. സുധാകരനും വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് കാര്യമാക്കേണ്ടെന്നും എളമരം കരീം പറയുന്നു. നിലവില്‍ ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായമാണ്. കുറ്റ്യാടിയില്‍ ഉണ്ടായ പ്രതിഷേധവും സ്വാഭാവികം മാത്രമാണെന്നും എളമരം കരീം പറഞ്ഞു. മൂന്നു മാസം മുമ്പ്, ചോദ്യം ചെയ്യുന്ന വേളയിലാണ് സ്വപ്ന ഈ മൊഴി നല്‍കുന്നത്.
എന്നാല്‍, അതിന് ശേഷമുള്ള മൂന്നു മാസവും ഒരു തെളിവും ശേഖരിക്കാനോ ആരെയും ചോദ്യം ചെയ്യാനോ അന്വേഷണ ഏജന്‍സികള്‍ക്കായില്ല. ഇപ്പോള്‍ ഉണ്ടായ വിവാദം രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്നതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. കേന്ദ്ര ഏജന്‍സികള്‍ ഈ രീതിയിലാണ് രാജ്യം മുഴുവനും പെരുമാറുന്നതെന്നും എളമരം കരീം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.