സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ഹൃദയവേദനയെന്ന് പന്തളം സുധാകരന്‍

സഹോദരന്‍ പന്തളം പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. കോണ്‍ഗ്രസ് വിടുന്നതിന്റെ വിദൂര സൂചനയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ നീക്കം തടയുമായിരുന്നുവെന്ന് പന്തളം സുധാകരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സാധ്യതാ പട്ടികയില്‍ പരിഗണിച്ചിരുന്നയാളാണ് പന്തളം പ്രതാപന്‍. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് പന്തളം പ്രതാപന്റെ ഫേസ്ബുക്കില്‍ അവസാനമായുള്ളത്.

പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുന്നുണ്ടെന്നും പന്തളം.ഇന്നലെ ശംഖുമുഖത്ത് അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ വിജയയാത്ര സമാപന ചടങ്ങിലാണ് പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്.

പന്തളം സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ:

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്.

ഇന്ന് വൈകുന്നേരം ചാനലില്‍ കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരന്‍ കെ പ്രതാപന്‍ ബീജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു.

എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.

സഹപ്രവര്‍ത്തകരായ, പരിചിതരും അപരിചിതരും അമര്‍ഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,

മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോണ്‍ഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാന്‍ മുന്‍അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലെന്ന ചിന്ത അലട്ടുന്നുണ്ട്.

ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം, പന്തളം പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാണ് പന്തളം പ്രതാപന്‍. അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിനായി പ്രതാപന്റെ പേരും പരിഗണിച്ചിരുന്നു.

08-Mar-2021