കേരളത്തിന് വരും കാലങ്ങളില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകും: മേയര്‍ ആര്യ രാജേന്ദ്രന്‍

കേരളത്തിന് വരും കാലങ്ങളില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കേരളത്തില്‍ നല്ല വനിതാ നേതാക്കള്‍ ഉണ്ടാകണം. അതിനു മാതൃക തന്നെയാണ് നമ്മുടെ ആരോഗ്യ മന്ത്രിയും ഫിഷറീസ് മന്ത്രിയുമെന്ന് ആര്യ വ്യക്തമാക്കി. കാലഘട്ടം മാറുന്നതിനനുസരിച്ചു കൂടുതല്‍ വനിതാ മന്ത്രിമാര്‍ ഉണ്ടാകും.

ചരിത്രം മാറ്റി എഴുതുന്ന രീതിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആര്യ പറയുന്നു.ജന്‍ഡറിന്റെയോ പ്രായത്തിന്റെയോ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതുകാരണമാണ് തന്നെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും ആര്യ പറയുന്നു.പെണ്‍കുട്ടികള്‍ മുന്‍നിരയിലേക്ക് കടന്നുവരണം എന്ന് നിഷ്കര്‍ഷിക്കുന്ന പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനാല്‍ പ്രായത്തിന്റെ പേരില്‍ ഒരു മാറ്റിനിര്‍ത്തലും അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആര്യ.

'മുന്നോട്ടു കടന്നു വരുന്ന സ്ത്രീകള്‍ക്കെതിരെ പല വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സമൂഹമാണ് നമ്മുടേത്. അതൊക്കെ മാറേണ്ട കാര്യങ്ങളാണ്. എല്ലാവരാലും ഒരുപോലെ കാണാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായി മാറണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് നമ്മള്‍ തന്നെയാണ്'.- ആര്യ പറയുന്നു

09-Mar-2021