കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പതിമൂന്ന് സീറ്റുകളിലാണ് ജോസ് കെ. മാണി വിഭാഗം മത്സരിക്കുന്നത്. യുവാക്കള്‍ക്ക് ഉള്‍പ്പെടെ അവസരം നല്‍കുന്ന പട്ടികയാണ് പരിഗണനയില്‍ ഉള്ളത്.

അതേസമയം, കടുത്തുരുത്തി, റാന്നി, ചാലക്കുടി, പിറവം സീറ്റുകളിൽ അന്തിമ തീരുമാനമായിട്ടില്ല. പാലാ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഇന്നലെ പുറത്തു വന്ന സാധ്യതാ പട്ടികയില്‍ മാറ്റമുണ്ടാകില്ല. കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. റാന്നിയില്‍ പ്രമോദ് നാരായണനും ചാലക്കുടിയില്‍ ഡെന്നിസ് കെ. ആന്റണിയും തന്നെ മത്സരിക്കാനാണ് സാധ്യത.

പിറവത്ത് ജില്‍സ് പെരിയപുറത്തിന് പുറമേ യാക്കോബായ സഭാംഗങ്ങളെ പരിഗണിക്കുന്നുണ്ട്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എന്നിവര്‍ കളത്തിലിറങ്ങും. പൂഞ്ഞാര്‍ – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരി – ജോബ് മൈക്കിള്‍, പെരുമ്പാവൂര്‍ -ബാബു ജോസഫ്, കുറ്റ്യാടി – മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂര്‍ – സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ. ഐ. ആന്റണി എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

10-Mar-2021