കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചത് എൽഡിഎഫിൻ്റെ ഭരണത്തുടർച്ച ഉറപ്പാക്കാൻ: ജോസ് കെ. മാണി
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിനായി കേരള കോണ്‍ഗ്രസ് (എം) കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചത് എൽഡിഎഫിൻ്റെ ഭരണത്തുടർച്ച ഉറപ്പാക്കാനെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് എൽ.ഡി.എഫ് നല്‍കിയിരുന്നത്.
‘കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സീറ്റ് വിട്ടുകൊടുക്കാൻ പാർട്ടി സന്നദ്ധമായത്’, ജോസ് കെ മാണി പറഞ്ഞു.
മുന്നണിയുടെ ഐക്യത്തിന് പോറൽ എല്‍പ്പിക്കുന്ന തരത്തിൽ ഒരു പ്രവർത്തനങ്ങളും കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൂർണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.