കളമശേരിയിലെ സ്ഥാനാര്‍ത്ഥിത്വം; മുസ്ലിം ലീഗില്‍ പൊട്ടിത്തെറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. പാര്‍ട്ടി മാറ്റി നിര്‍ത്തിയ മങ്കടയിലെ സിറ്റിങ് എം. എൽ. എ ടി. എ അഹമ്മദ് കബീര്‍ കളമശ്ശേരിയില്‍ സമാന്തര യോഗം വിളിച്ച് ചേര്‍ത്തു. എറണാകുളം ജില്ലാ കമ്മിറ്റിയിലെയും മുസ്ലിം ലീഗിന്റെ പോഷക സംഘടനകളിലേയും ബഹുഭൂരിപക്ഷം ഭാരാവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

വി .കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി. ഇ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രസിഡന്റ് ഉള്‍പ്പെടെ ബഹുഭൂരിഭാഗം പേരും അഹമ്മദ് കബീറിനെ പിന്തുണച്ചുകൊണ്ട് രംഗത്തുണ്ട്.

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിനെയോ മകന്‍ അബ്ദുള്‍ ഗഫൂറിനെയോ സ്ഥാനാര്‍ഥിയാക്കരുതെന്ന് അവര്‍ ലീഗ് നേതൃത്വത്തെ പാണക്കാട് ചെന്ന് കണ്ട് ആവശ്യപ്പെട്ടിരുന്നു. അത് നിരാകരിക്കപ്പെട്ടതില്‍ നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണ്. അവര്‍ കളമശ്ശേരിയില്‍ സ്ഥാനാര്‍ഥിയാകാന്‍ അഹമ്മദ് കബീറിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്.

15-Mar-2021