കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്ന കെ. സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ റോളൊന്നുമില്ലാത്ത കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. സീറ്റുനിർണയ ചർച്ചകളിൽപോലും സുധാകരനെ അടുപ്പിച്ചില്ല. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തിന്റെ ഒറ്റ നിർദേശവും പരിഗണിച്ചില്ല.

കോൺഗ്രസിലെ ഈ ഒറ്റപ്പെടുത്തലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കാൻ സുധാകരനെ പ്രേരിപ്പിച്ചത്. കണ്ണൂരിലെ കാര്യങ്ങൾപോലും കെ.പി.സി.സി വർക്കിങ് പ്രസിഡന്റായ തന്നോട് ആലോചിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മട്ടന്നൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർഎസ്പി നേതാവ് ഇല്ലിക്കൽ അഗസ്തിയെ പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സുധാകരൻ പറഞ്ഞു.

അവിടെ ആദ്യം കോൺഗ്രസിലെ രാജീവൻ എളയാവൂരിനെ മത്സരിപ്പിക്കാനായിരുന്നു നിർദേശിച്ചത്. കണ്ണൂർ ജില്ലയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്ന തിരിച്ചറിവിലാണ് സുധാകരൻ. ഇരിക്കൂറിലും കണ്ണൂരിലും വേണുഗോപാൽ ചുവടുറപ്പിച്ചത് സുധാകരന് വലിയ തിരിച്ചടിയായി. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ കലാ കണ്ണൂരിൽ കഴിഞ്ഞ തവണ കെ സുധാകരന്റെ നോമിനിയായിരുന്ന ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇത്തവണ സീറ്റ് ഉറപ്പിച്ചത് കെ സി വേണുഗോപാലിന്റെ തണലിലാണ്.

പാച്ചേനിയെ ഒഴിവാക്കാനാണ് സുധാകരൻ കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചത്. എന്നാൽ, മുല്ലപ്പള്ളി ഈ കുരുക്കിൽ വീണില്ല. അടുത്ത അനുയായി റിജിൽ മാക്കുറ്റിക്ക് സീറ്റ് നൽകണമെന്ന് സുധാകരൻ പറത്തതും കണ്ണൂർ മനസ്സിൽകണ്ടാണ്. പേരാവൂരിൽ മാത്രമാണ് പേരിനെങ്കിലും സുധാകരനോട് അടുപ്പം പുലർത്തുന്ന സ്ഥാനാർത്ഥിയുള്ളത്.

15-Mar-2021