ചര്‍ച്ച പരാജയം; ഇരിക്കൂറിൽ കോൺഗ്രസ് പ്രതിസന്ധിയിൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നു.
ജില്ലയിലെ പ്രാദേശിക നേതാക്കളുടെ താല്‍പര്യം പരിഗണിക്കാതെ, സജീവ് ജോസഫിനെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

സജീവിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. തര്‍ക്ക പരിഹാരത്തിനായി സിറ്റിംഗ് എം.എല്‍.എ കെ.സി ജോസഫും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സജീവിന് ജയസാധ്യതയില്ലെന്ന ആരോപണവുമായി ഐ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.

ജയസാധ്യതയില്ലാത്ത സജീവിനെ മാറ്റി സോണി സെബാസ്റ്റിയനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍, സജീവിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കണമെന്നും സോണി സെബാസ്റ്റിയനെ ഡി.സി.സി പ്രസിഡന്റ് ആക്കാമെന്നുമായിരുന്നു പ്രശ്‌ന പരിഹാരത്തിന് നേതാക്കള്‍ മുന്നോട്ടുവെച്ച ഫോര്‍മുല. എന്നാല്‍ വാഗ്ദാനം സോണി സെബാസ്റ്റിയന്‍ തള്ളി.

16-Mar-2021