കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബാലശങ്കർ

ഈ നേതൃത്വത്തെ വച്ച്‌ കേരളത്തിൽ ബി.ജെ.പിക്ക് അടുത്ത മുപ്പതു കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് ആർഎസ്‌എസ് നേതാവും സംഘടനാ മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ .സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് ബാലശങ്കർ ഉയർത്തിയത്. ''കോന്നി ഉപതെരഞ്ഞെടുപ്പിൽ മൂന്നാമതു വന്ന സ്ഥാനാർഥി എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്.

കുറഞ്ഞ ദിവസത്തിനുള്ളിൽ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമർപ്പിക്കാൻ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും. ഹെലികോപ്റ്ററിൽ പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ചോദ്യം ചെയ്തയാളാണ് പറയുന്നത്'' ഈ നേതൃത്വവുമായാണ് കേരളത്തിൽ ബി.ജെ.പി മുന്നോട്ടുപോവുന്നതെങ്കിൽ മുപ്പതു കൊല്ലത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്യാങ് മാറാതെ രക്ഷയില്ലെന്നും ബാലശങ്കർ പറഞ്ഞു.

16-Mar-2021