രാഹുൽഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാടില്ല; വയനാട്ടിൽ മത്സരിച്ചത് ഉദാഹരണം: പി.സി ചാക്കോ

കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ നേതാവ് പി. സി ചാക്കോ. രാഹുൽഗാന്ധി എവിടെ പോകുന്നു എപ്പോൾ വരുന്നു എന്നതിനെക്കുറിച്ച് ആർക്കും അറിയില്ലെന്ന് പി.സി ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദേശീയതലത്തിൽ ബിജെപിയെ നേരിടാനുള്ള ശേഷി കോൺഗ്രസിന് ഇല്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വം നിഷ്ക്രിയമാണ്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ചത് കേന്ദ്ര ഏജൻസികളെ കുറിച്ച് കോൺഗ്രസ് ദേശീയ തലത്തിൽ പറയുന്നതിന് വിരുദ്ധമാണ്.

കേന്ദ്രഏജൻസികൾ എന്താണ് ചെയ്യുന്നത് എന്ന് എല്ലാവർക്കുമറിയാം എന്ന് പി. സി ചാക്കോ പറഞ്ഞു. ബി.ജെ.പിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കുമെതിരെ വിപുലമായ ഒരു സഖ്യം ദേശീയതലത്തിൽ ഉയർന്നുവരേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ മാറി നിൽക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.

പ്രതിപക്ഷ കക്ഷികളുടെ യോഗം മാസത്തിൽ ഒരു തവണയെങ്കിലും ചേരേണ്ടതാണ്. എന്നാൽ കോൺഗ്രസ് ഇതിനു പോലും തയ്യാറാകുന്നില്ല. മോശം കാര്യങ്ങൾ ആണ് കേരളത്തിൽ വന്ന് രാഹുൽ ഗാന്ധി ചെയ്യുന്നത്. കേരളത്തിൽ വന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ചത് കേന്ദ്ര ഏജൻസികളെ കുറിച്ച് ദേശീയതലത്തിലുള്ള കോൺഗ്രസ് പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ്.

കേന്ദ്ര ഏജൻസികളുടെ ആത്യന്തിക ലക്ഷ്യം എന്താണെന്ന് എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധിക്ക് പ്രസംഗം എഴുതിയും പറഞ്ഞും കൊടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് എ.കെ ആന്റണി അടക്കമുള്ളവർ ആലോചിക്കണം- പി സി ചാക്കോ പറഞ്ഞു.

രാഹുൽഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാടില്ല. വയനാട്ടിൽ മത്സരിച്ചത് ഇതിന് ഉദാഹരണമാണ്. വാർത്തകൾ വന്നപ്പോൾ താൻ രാഹുൽഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ കേരളത്തിൽനിന്നുള്ള ആളല്ലേ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ഇടതുപക്ഷത്തെ ശത്രുപക്ഷം ആയി കാണരുത് എന്ന് താൻ ആവശ്യപ്പെട്ടു.

ഇടതുപക്ഷം എന്നത് ഒരു പാർട്ടിയല്ല അതൊരു തത്വചിന്തയാണ്. ഇന്ദിരാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ല. എ. കെ ആന്റണിയോടും കെ. സി വേണുഗോപാലിനോടും സംസാരിക്കാനാണ് അദ്ദേഹം പറഞ്ഞത്. തന്റെ ശ്രമം വിജയിച്ചില്ല. രാഹുൽ ഗാന്ധിക്ക് ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ കർണാടകത്തിൽ ആകാമായിരുന്നു, ബി.ജെ.പിക്ക് എതിരെ തന്നെ മത്സരിക്കണമായിരുന്നു – പി സി ചാക്കോ വ്യക്തമാക്കി.

18-Mar-2021