തെരഞ്ഞെടുപ്പിൽ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ നിര്‍ബന്ധിച്ച് മത്സരിപ്പിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തിനെതിരെ വാളയാര്‍ സംയുക്ത സമരസമിതിക്ക് നേതൃത്വം നല്‍കിയ ജോയ്ന്റ് കണ്‍വീനര്‍ ബാലമുരളി രംഗത്ത്.

ഈ തീരുമാനം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും സമരസമിതിയിലെ അംഗങ്ങള്‍ക്ക് യുഡിഎഫുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ പെണ്‍കുട്ടികളുടെ അമ്മയെ നിര്‍ബന്ധിച്ച് മത്സരിപ്പിക്കുകയാണെന്നും വൈകാതെ തന്നെ കുട്ടികളുടെ പീഡനവും കൊലപാതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കൂടി വെളിപ്പെടുത്തേണ്ടി വരുമെന്നും ബാലമുരളി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അവര്‍ ഉയര്‍ത്തുന്ന കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണം, സസ്‌പെന്‍ഡ് ചെയ്യണം എന്നീ ആവശ്യങ്ങളൊക്കെ ശരിയാണെങ്കിലും ഇപ്പോള്‍ ഇതിന് രാഷ്ട്രീയ നിറം കൊടുക്കുന്നത് യുഡിഎഫുമായി സമരസമിതി ആളുകള്‍ക്കുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായാണ് എന്ന് ബാലമുരളി പറയുന്നു .

തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത്\ പെണ്‍കുട്ടികളുടെ അമ്മ എടുത്ത തീരുമാനമല്ല . പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കില്‍ സമരസമിതിക്ക് പിന്നീട് ഒരു പ്രസക്തിയുമില്ല. വാളയാര്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമരസമിതി രൂപീകരിച്ച് പ്രതിഷേധത്തിന് തുടക്കം കുറിച്ച ആദ്യ ആളുകളില്‍ ഒരാളാണ് ബാലമുരളി.

18-Mar-2021