ധർമ്മടത്ത് സി. രഘുനാഥ്; അംഗീകരിക്കാതെ മുല്ലപ്പള്ളി

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ജില്ലാ കോൺഗ്രസ് നിർദ്ദേശിച്ച സി. രഘുനാഥ് സ്ഥാനാർത്ഥിയായി ഇന്നലെ നാമനി‍ർദ്ദേശ പത്രിക നൽകിയെങ്കിലും മുല്ലപ്പള്ളി ഇത് അംഗീകരിച്ചിട്ടില്ല.


രഘുനാഥ് പത്രിക കൊടുത്തകാര്യം തനിക്ക് അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. മത്സരിക്കുന്നതിൽ നിന്നും കെ. സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമ്മടത്ത് യു.ഡി.എഫ് പിന്തുണയ്ക്കണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

ഇത് പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. അതുകൊണ്ടാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാത്തത് എന്നാണ് സൂചന. അതേസമയം പാർട്ടിയുടെ അറിയിപ്പ് പ്രകാരമാണ് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് സി. രഘുനാഥ് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തൻറെ വിശദാംശങ്ങൾ കെ.പി.സി.സി ശേഖരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ പാർട്ടി ആവശ്യപ്പെട്ടാൽ താൻ അതിന് തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കി.

19-Mar-2021