കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകു: കെ. സുധാകരന്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭാവിയില്‍ ബി.ജെ.പിയിലേക്ക് ചേക്കേറും എന്ന രീതിയിലുള്ള പ്രചാരണം വ്യാപകമാകവേ അതിനെ സാധൂകരിക്കുന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരന്‍. കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകുവെന്ന് അദ്ദേഹം പറയുന്നു.

മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ധര്‍മ്മടത്ത് മത്സരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യമില്ല. ദേശീയ തലത്തില്‍ വിമതര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍ കാലങ്ങളിലെ പോലെ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുന്ന രീതി ക്രമേണ കേരളത്തില്‍ മാറിവരികയാണെന്നും ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് പത്രിക നല്‍കിയ പശ്ചാത്തലത്തില്‍ സുധാകരന്‍ പ്രതികരിക്കുന്നു.

19-Mar-2021