അഞ്ചു വർഷത്തെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍
അഡ്മിൻ
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, കേന്ദ്ര ഏജൻസികളെ കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നര മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തെ വികസനനേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒന്നല്ല. കേരള നിയമസഭയുടെ ഉൽപന്നമാണ്. റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. നാട്ടിൽ വികസനം വരാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ദുഷ്ട ശക്തികൾ കിഫ്ബിക്കെതിരെ നീക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ കിഫ്ബിക്കെതിരെ ഒരു ചുക്കും ചെയ്യാനാകില്ല. അധികാരം ഉപയോഗിച്ച് ചന്ദ്രഹാസം ഇളക്കി വന്നാൽ ഇവിടെ എന്തെങ്കിലും ചെയ്യാമെന്നാണ് കരുതുന്നതെങ്കിൽ അതിവിടെ നടപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇഷ്ടമില്ലാത്തവർക്കെതിരെ കേരളത്തിനു പുറത്ത് നിങ്ങൾ വിലസിയിട്ടുണ്ടാകും. അതിവിടെ ചെലവാകില്ല. ഇവിടത്തെ പദ്ധതികളിലൊന്നിലും നിയമത്തിനു പുറത്തെ ഒന്നും കണ്ടെത്താനാകില്ല. മറ്റിടങ്ങളിൽ നിങ്ങൾ കണ്ടയാളുകളല്ല ഇവിടെയുള്ളത്. ഇവിടെ പ്രത്യേകതരം ആളുകളാണുള്ളത്. ഇത് മണ്ണ് വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം ചെയ്യാനുള്ളതൊക്കെ ചെയ്‌തോളൂ. അതിന് പൂർണ്ണ പിന്തുണയും സഹകരണവും നൽകും. നിയമ വിരുദ്ധമായി ചെയ്യാൻ പുറപ്പെട്ടാൽ ഇത് നിയമവാഴ്ച്ച നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് ഓർമ്മ വേണം. ഞങ്ങളെ വിയർപ്പിച്ചു കളയാമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ സ്വയം വിയർക്കേണ്ടി വരുമെന്ന് കരുതി കൊള്ളണം.അതവർ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. നിയമപ്രകാരമുള്ളതാണെങ്കിൽ വകവെച്ചു തരും. അല്ലാത്ത ഒന്നിനേയും വകവെക്കുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. കോൺഗ്രസ്സും ലീഗും ബി.ജെ.പിയും തമ്മിൽ കേരളതല ധാരണ നിലനിൽക്കുന്നുണ്ട്. കേന്ദ്രത്തെ വിമർശിക്കാൻ ഇവിടെയുള്ളവർക്കാകാത്തത് അതുകൊണ്ടാണ്.യു.ഡി.എഫ് നുണ പടച്ചുവിടാനാണ് മിടുക്ക് കാണിക്കുന്നത്. നുണയുടെ ആയുസ്സ് വളരെ കുറവാണ്. നുണ അടിച്ചു വിടുമ്പോൾ അതിനെ മറികടക്കാനാകണം ഇടതുമുന്നണി പ്രവർത്തകർ ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.