സംസ്ഥാന സർക്കാർ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കി: മുഖ്യമന്ത്രി

ഇടത് പക്ഷത്തെ തകർക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ച് തീവ്രമായ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർ സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽ.ഡി.എഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും പ്രകടനപത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്ത് വിട്ടു. പ്രകടനപത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 എണ്ണം പൂർത്തിയാക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ. ശ്രീധരനെതിരെയും പിണറായി വിജയൻ രംഗത്തെത്തി. ഇ ശ്രീധരൻ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി ഏത് വിദഗ്ധനും ബി.ജെ.പി ആയാൽ ബി.ജെ.പിയുടെ സ്വഭാവം കാണിക്കുമെന്ന് പരിഹസിച്ചു. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്നും കൂട്ടിച്ചേർത്തു.

19-Mar-2021